
ആ മനുഷ്യൻ സെമിത്തേരിയിലെങ്കിലും സ്വസ്ഥനായി കിടന്നുറങ്ങട്ടെ
K. S. Vijayan
‘ബലികുടീരങ്ങളെ… സ്മരണകൾ ഇരമ്പും…’ അച്ചായൻ തൊണ്ടപൊട്ടിപ്പാടി, ഞങ്ങളും കൂടെ പാടി. താളവും ലയവും തെറ്റിച്ചാൽ അച്ചായൻ പാട്ട് നിർത്തി ഞങ്ങളെ ചീത്തവിളിക്കും. ഞങ്ങൾ അച്ചായന്റെ മാസ്മര പ്രഭാവത്തിൽ എല്ലാം മറന്ന് കലവറയില്ലാതെ അടുക്കുകയായിരുന്നു…
മേയ് 24 രാത്രി, അത് ആഹ്ലാദത്തിന്റെ രാത്രിയായിരുന്നു. പാട്ടുകൾ, പൊട്ടിച്ചിരികൾ, ചർച്ചകൾ, കലമ്പലുകൾ. പിരിയുമ്പോഴേക്കും പുലർച്ചയായി. ‘നവചിത്ര’യുടെ സത്യത്തിൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാൻ കുന്നംകുളത്ത് വന്നതായിരുന്നു ജോൺ എബ്രഹാം. തന്റെ ജന്മനാടായ (കുന്നംകുളത്ത് പനക്കൽ തറവാട്ടിലാണ് അദ്ദേഹം ജനിച്ചത്) കുന്നംകുളത്ത് തന്നെയായിരുന്നു തന്റെ അവസാനത്തെ പൊതുപരിപാടിയും! യാദൃശ്ചികമാവാം.
ഒരു പെഗ്ഗ് റമ്മിന്റെ പുറത്ത്, ബാറിന്റെ ലോണിൽ ഇരിക്കുമ്പോൾ സന്ധ്യയെ സാക്ഷിനിർത്തി അച്ചായൻ പറഞ്ഞു:
“മീനച്ചിലാറിന്റെ കരയിൽ ഒരു ചെറിയ ഫിലിം കോംപ്ലക്സും ലൈബ്രറിയും, യൂറോപ്പിൽ പോയി വന്നാൽ ഉടനെ തുടങ്ങണം. ഒരു ലക്ഷം രൂപയുടെ ഫിലിം ബുക്ക്സും വാങ്ങും. പിന്നെ കുറെ നല്ല ഫോറിൻ ഫിലിംസും. ഒരു വണ്ടി. എട്ട് ലക്ഷം കിട്ടാനുണ്ട്, അത് മുഴുവനും തുലയ്ക്കും.”
അപ്പോൾ അടുത്ത പടം?
“എൻ.എഫ്.ഡി.സി ലോൺ തരാമെന്ന് പറഞ്ഞിട്ടുണ്ട്.” ഒരു സ്മോൾ കൂടി വിഴുങ്ങി അച്ചായൻ വാചാലനായി. “നമുക്ക് ഫിലിം മേക്കിങ്ങിനെ കുറിച്ച് ഒരു കോഴ്സ് നടത്തണം. ചെറുപ്പക്കാർ പഠിച്ച് വളരട്ടെ. തൃശ്ശൂരിൽ കേന്ദ്രീകരിച്ചാകും, ഒഡേസയെ വികേന്ദ്രീകരിക്കണം. അഞ്ചുപൈസ വേണ്ട. എന്റെ ക്യാമറാമാനും, എഡിറ്ററും ടെക്നീഷ്യന്മാരും ഫ്രീയായിട്ട് വർക്ക് ചെയ്യുന്നത്. ജോൺ എബ്രഹാം അനാർക്കിസ്റ്റാണെന്ന് പറഞ്ഞാൽ എനിക്ക് സന്തോഷമാണ്. ഇപ്പോൾ പറയുന്നത് ഞാൻ ടെററിസ്റ്റ് ആണെന്നാ. ഒഡേസാ കൾച്ചറൽ ടെററിസമാണുപോലും.” അച്ചായന്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു.
ഇരുട്ട് വീണപ്പോൾ ഞങ്ങൾ ലോഡ്ജ് മുറിയിൽ ചേക്കേറി. ‘ഗ്രാസ്’ കിട്ടിയപ്പോൾ അച്ചായൻ ഒരു കൊച്ചു കുട്ടിയെ പോലെ ആഹ്ലാദിച്ചു. ചെറിയ, നിഷ്കളങ്കമായ കണ്ണുകളിൽ നക്ഷത്രങ്ങൾ പൂത്തു. പിന്നീടങ്ങോട്ട് കെട്ടഴിഞ്ഞ നാവുകളുടെ ആത്മപ്രകാശനങ്ങൾ ആയിരുന്നു: സിനിമ, രാഷ്ട്രീയം, നാടകം, മുട്ടിന് മുട്ടിന് കഥകളും, ‘ജോക്കു’കളും. തള്ളിക്കയറി വരുന്ന അച്ചായന്റെ സംഭാഷണരീതി വളച്ചുകെട്ടില്ലാത്ത ആത്മാർത്ഥതയുടെ ചൈതന്യം തുളുമ്പുന്നതായിരുന്നു. നാട്യങ്ങളില്ലാത്ത, ജാഡകളില്ലാത്ത, സാധാരണക്കാരിൽ സാധാരണക്കാരനായ അപൂർവ പ്രതിഭ. ലോകത്തിന്റെ നാനാഭാഗത്തും, കുടിൽതൊട്ട് കൊട്ടാരംവരെ, വിവിധ ഭാഷക്കാരുമായും ദേശക്കാരുമായും നൂറുകണക്കിന് സുഹൃത്തുക്കളുള്ള അപൂർവ മനുഷ്യൻ — അതായിരുന്നു ജോൺ എബ്രഹാം. ഒരിക്കൽ കണ്ടാൽ, സംസാരിച്ചാൽ, നിങ്ങൾ ഈ മനുഷ്യനെ മറക്കില്ല.
പിന്നെ എപ്പോഴോ ചർച്ച സംഗീതത്തിലേക്ക് വഴുതിവീണു. പറഞ്ഞുവന്നത് ജോണിന്റെ ആദ്യ പ്രേയസി സിനിമയല്ല, സംഗീതമാണ്. പ്രത്യേകിച്ചും ഹിന്ദുസ്ഥാനി ഗസലുകൾ, കവ്വാലികൾ…
‘അഗ്രഹാരത്തിൽ കഴുത’യെടുക്കുന്ന കാലത്ത്, ഒരിക്കൽ നീലാംബരീരാഗത്തിന്റെ ശുദ്ധ ആലാപനം കേൾക്കാൻ വേണ്ടി ജോൺ മൂകാംബികയിൽ പോയി. പുലർച്ചെ ഭജന പാടുന്ന സന്യാസിമാരിൽ ഒരാളെ സഷ്ടാംഗം നമസ്കരിച്ചു കാര്യം പറഞ്ഞു. സ്വാമി പാടി, ചമ്രം പടിഞ്ഞിരുന്നു കണ്ണടച്ച് ജോൺ കേട്ടു. അതാണ് “കഴുത”യിൽ ഉപയോഗിച്ചതത്രേ.
ചർച്ച മുഷിഞ്ഞപ്പോൾ അച്ചായൻ പാടി: “ഗംഗാ മൊരിമയ്യ…”. പിന്നെ പാട്ടുകളുടെ പ്രളയമായിരുന്നു. “സുറുമയെഴുതിയ മിഴികളേ”, “എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും.” അഞ്ചുസ്ഥായിയിൽ മാറ്റിമാറ്റി പാടിയ ഒരു ഇംഗ്ലീഷ് ഗാനം ഇപ്പോഴും ഞങ്ങളുടെ കാതുകളിൽ മുഴങ്ങുന്നു.
And here comes in the rain again
Falling on my head like a memory
Falling on my head like a new emotion
Is it raining with you? Is it raining with you.
(വീണ്ടും ഇതാ മഴ പെയ്യുന്നു, ഒരു ഓർമ്മയായി എന്നിൽ മഴ പെയ്യുന്നു, ഒരു പുതിയ വികാരമായി എന്നിൽ മഴ പെയ്തിറങ്ങുന്നു. നിനക്ക് മഴ പെയ്യുന്നുണ്ടോ?)
ആ ഗാനത്തിന്റെ വികാരത്തിൽ ലയിക്കുമ്പോൾ അച്ചായൻ മറ്റൊരാളായി മാറുകയായിരുന്നു.
ബലികുടീരങ്ങളെ പാടാൻ മറ്റൊരു കാരണം ഉണ്ടായിരുന്നു. ജോണിന്റെ “ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ” ആ പാട്ടിന്റെ വരികൾ ഉപയോഗിക്കുന്ന ഒരു രംഗമുണ്ട്. കുട്ടനാടൻ പാടത്തെ കർഷക തൊഴിലാളി സമരം കൊടുമ്പിരി കൊണ്ടപ്പോൾ കർഷകന്റെ ഗുണ്ടകൾ തൊഴിലാളികളെ കൊന്നു, വെള്ളത്തിൽ കയറ്റി കായൽപരപ്പിൽ തൂക്കിയെറിയുന്നു. പശ്ചാത്തലത്തിൽ “ബലികുടീരങ്ങൾ…” പാടുന്നു. ഏറെ വിവാദമായ ഈ രംഗം ജോണിനെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായി പോലും ചിത്രീകരിക്കാൻ തൽപ്പരകക്ഷികൾക്ക് ഇട കൊടുത്തിട്ടുണ്ട്. അത് സൂചിപ്പിച്ചപ്പോൾ അച്ചായൻ വികാരഭരിതനായി. കേരളത്തിൽ കേരള കോൺഗ്രസ് എം.എൽ.എയായിരുന്ന തന്റെ ബന്ധുവായ ഒരു ‘മാന്യൻ’ തന്റെ പാടത്ത് പണിയെടുത്തിരുന്ന നാലു തൊഴിലാളികളെ ചളിയിൽ ചവിട്ടിത്താഴ്ത്തിക്കൊന്ന സംഭവമാണ് തനിക്ക് ഈ സിനിമ എടുക്കാനും അതിലെ അവറാച്ചനു രൂപം കൊടുക്കാനുമുള്ള പ്രചോദനമായത്. ആ രഹസ്യം ജോൺ ആദ്യമായി വെളിപ്പെടുത്തുകയായിരുന്നു.
ഫിലിം മേക്കിങ്ങിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞുവരുമ്പോൾ, “മലയാളത്തിൽ താരങ്ങളേ ഉള്ളൂ, നടീനടന്മാരില്ല” എന്നു ആനുഷംഗികമായി ജോൺ പറഞ്ഞു. അതുകൊണ്ടാണ് താൻ എപ്പോഴും പുതുമുഖങ്ങളെ തേടുന്നത്. അടൂർ ഭാസിയായിരുന്നു കൂട്ടത്തിൽ ഭേദം. ചെറിയാച്ചനിലെ സ്കിസോഫ്രെനിക് കേസിനോട് അദ്ദേഹം നീതി പുലർത്തി. സത്യനെ താൻ പരിചയപ്പെടുന്നത് അദ്ദേഹം മരിക്കുന്നതിന് ഒരാഴ്ച മുൻപ് മാത്രമായിരുന്നു. ഫിലിമിൽ സഹകരിപ്പിക്കാൻ കഴിഞ്ഞില്ല. (സത്യന്റെയും ജോണിന്റെയും, മലയാള സിനിമയുടെയും നഷ്ടം).
നാടകവും ജോണിന്റെ വിഷയമാണ്. “ചെന്നായ്ക്കൾ” പോലൊരു വർക്ക് ഇനിയും ഞങ്ങൾ പ്രതിക്ഷിക്കുന്നു. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സത്യൻ പറഞ്ഞു: “ചെയ്യാം” എന്നതായിരുന്നു പ്രതികരണം. എം.ടി. ബാലചന്ദ്രന്റെ “മോചനം” ഒഴിവുകിട്ടുമ്പോൾ തനിക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അച്ചായൻ പറഞ്ഞു.
ആ രാത്രി ഞങ്ങൾക്ക് ശിവരാത്രിയായിരുന്നു. അച്ചായന് സ്വതവേ ഉറക്കം കുറവാണല്ലോ. അച്ചായനെ ഒഴിഞ്ഞുകിട്ടിയ ആഹ്ലാദത്തിൽ ഞങ്ങളും ഉറക്കം മാറ്റിവെച്ചു. പക്ഷേ അത് അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് ആരറിഞ്ഞു.?
25ന് വൈകിട്ട് ഗുരുവായൂരിൽ നിന്ന് ട്രാൻസ്പോർട്ട് ബസ്സിൽ കയറിപ്പോയ അച്ചായൻ 30ന് പുലർച്ചെ മരിച്ചത്രെ! ആ കത്തിക്കാളുന്ന മദ്ധ്യാഹ്നത്തിൽ ആകാശവാണി അത് പറഞ്ഞപ്പോൾ ഏറ്റ ആഘാതത്തിൽ നിന്ന് ഞങ്ങളുടെ മനസ്സുകൾ ഇനിയും ഉണർന്നിട്ടില്ല.
അച്ചായന്റെ അവസാന ചിത്രമായ ‘അമ്മ’യിലെ അതേ മോർച്ചറിയിൽ നിന്ന് തുടങ്ങി തൃശൂരും എറണാകുളവും കോട്ടയവും കടന്ന് കുട്ടനാടിന്റെ മാറിലൂടെ ബോട്ടിൽ സഞ്ചരിച്ച് ചേന്നങ്കരി പള്ളി സെമിത്തേരിവരെ അച്ചായന്റെ മൃതശരീരത്തോടൊപ്പം ഞങ്ങൾ ഉണ്ടായിരുന്നു. വഴിനീളം പൊതുദർശനങ്ങൾ, സുഹൃത്തുക്കളുടെയും ആരാധകരുടെയും നിറഞ്ഞ കണ്ണുകൾ, അടക്കിപ്പിടിച്ച തേങ്ങലുകൾ…

എന്നിട്ടും അച്ചായൻ മരിച്ചെന്ന് ഞങ്ങൾക്കു വിശ്വസിക്കാനാവുന്നില്ല. ഞങ്ങളെ ഈ ഭൂമിയുടെ ഊഷരങ്ങളിൽ അലയാൻ വിട്ടിട്ട് അച്ചായനെങ്ങനെ ഒറ്റയ്ക്കു പോകാൻ കഴിയും? എങ്ങോട്ട്?
അച്ചായനെ ‘അനാർക്കിസ്റ്റെ’ന്നും ‘പെർവേർട്ടെ’ന്നും വിളിച്ചാക്ഷേപിച്ചവർ, തൊഴിൽ രംഗത്ത് അദ്ദേഹത്തിനെതിരെ നിരന്തരം ഗോസിപ്പുകൾ ചമച്ചവർ, ഇപ്പോൾ റീത്തുകളും, അനുശോചനങ്ങളുമായി ഓടിക്കൂടുന്നു. പക്ഷേ മരണത്തിനു തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ ഈ നാട്ടിലെ ഒരു നാലാംകിട രാഷ്ട്രീയക്കാരന് കിട്ടുന്ന വൈദ്യപരിചരണം പോലും അദ്ദേഹത്തിന് കിട്ടിയില്ലെന്നു അറിയുന്നു. സർക്കാരിന്റെ അവാർഡിന് അച്ചായന്റെ പേര് നാമകരണം ചെയ്യണമെന്ന് പ്രസ്താവനകൾ വന്നുകഴിഞ്ഞു. ഇനി സ്മാരകങ്ങളും സിമ്പോസിയങ്ങളും എല്ലാം ഉണ്ടാകും.
അച്ചായൻ ഒരിക്കലും അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന് ഒരു പട്ടിയുടെയും ഔദാര്യവും വേണ്ട. ഒരു അപേക്ഷ മാത്രം: അച്ചായന്റെ ശവം വിറ്റ് കാശാക്കരുത്. സെമിത്തേരിയിൽ എങ്കിലും ആ മനുഷ്യൻ സ്വസ്ഥമായി ഉറങ്ങിക്കൊള്ളട്ടെ!