
‘എനിക്ക് എന്തുകൊണ്ടോ, പ്രായം കൊണ്ടോ ഭയം കൊണ്ടോ രാഷ്ട്രീയത്തോടുള്ള താല്പര്യം കുറഞ്ഞുവരികയാണ്.’ പ്രമുഖ സാഹിത്യകാരനായ ശ്രീ. കാക്കനാടൻ പറഞ്ഞു. ഇവിടത്തെ, പ്രത്യേകിച്ചും കേരളത്തിലെ അസാധാരണവും തത്വദീക്ഷയില്ലാത്തതും അവിഹിതവുമായ പല തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളും കാണുമ്പോൾ മൊത്തത്തിൽ ഈ രംഗത്തോട് ഒരു തരം പുച്ഛമാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതെന്റെ മാത്രം വികാരമല്ലെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്റെ ചിന്താഗതി പങ്കുവെയ്ക്കുന്ന ഒട്ടേറെ സുഹൃത്തുക്കളെ എനിക്കറിയാം. അതുകൊണ്ടു കഴിഞ്ഞ 30 കൊല്ലത്തെ കേരള രാഷ്ട്രീയത്തിനു പിൻതിരിഞ്ഞു നിൽക്കുവാനാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് ഇവിടുത്തെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് ഒരു പോസിറ്റീവ് കമന്റ് എന്നിൽ നിന്നും പ്രതീക്ഷിക്കരുത്.
കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്നു വ്യക്തമായ അഭിപ്രായം എനിക്കുണ്ട്. ഈ നാട്ടിലെ നാണ്യ വിളകളും, മറ്റ് വിഭവങ്ങളും ഇവിടുത്തെ അതുല്യമായ പ്രകൃതി ഭംഗിയും ഒക്കെ ഈ നാടിനു വേണ്ടി ഉപയോഗിക്കുവാൻ കഴിഞ്ഞാൽ നമുക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. യൂറോപ്പിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും പല ചെറിയ രാജ്യങ്ങളും സ്വതന്ത്രമായി നിൽക്കുകയും അതുകൊണ്ടു തന്നെ അവ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുണ്ട്. സ്വതന്ത്ര കേരളത്തിനു വേണ്ടിയുള്ള ഒരു വാദമല്ലിത്. ഫെഡറൽ ഘടനയുള്ള പല വലിയ രാഷ്ട്രങ്ങളും അവരുടെ സംസ്ഥാനങ്ങൾക്കു കൂടുതൽ ഭരണാവകാശം നൽകുന്നു. അവിടങ്ങളിൽ അതിന്റേതായ ഗുണവുമുണ്ട്. പ്രാദേശികത കൂടിപ്പോയാൽ അതൊരു നല്ല ഗുണമല്ലെന്നും നമുക്കറിയാം. പക്ഷെ ഉള്ളിന്റെ ഉള്ളിൽ സാധാരണ മനുഷ്യർക്ക് അത് കുറെയൊക്കെ ഉണ്ടായെന്നു വരാം. അതുകൊണ്ടുതന്നെ പിറന്ന മണ്ണിനോടും, സംസാരിക്കുന്ന ഭാഷയോടും ഒരു പ്രത്യേക മമത തോന്നിയാൽ അതൊരു തെറ്റാണെന്നും നമുക്ക് പറയാൻ കഴിയുകയില്ല.
ഈയ്യിടെ നമ്മുടെ വിദ്യാഭ്യാസ രംഗത്തുണ്ടായ പല സംഭവ വികാസങ്ങളും സാംസ്‌കാരിക ഫാസിസത്തെ വിളിച്ചറിയിക്കുന്നവയാണ് പക്ഷെ ചില നിരോധനങ്ങളോ, ഒഴിവാക്കലുകളോ കൊണ്ട് ഇടിഞ്ഞുവീഴുന്ന ഒരു ആകാശമാണ് കലാ സാംസ്കാരിക രംഗം എന്നും ഞാൻ ഭയപ്പെടുന്നില്ല. എന്നും; ചരിത്രം പഠിക്കുന്നവർക്കറിയാം; പല പല എതിർപ്പുകളെയും നേരിട്ടുതന്നെയാണ് വളർന്നിട്ടുള്ളത്. കല മാത്രമല്ല ശാസ്ത്രവും. ഉദാഹരണങ്ങൾ ഏറെയുണ്ട്.
ഏകകക്ഷി ഭരണം നല്ലതാണ്. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ അവിഹിതമായ കൂട്ടുകെട്ടുകളാണല്ലോ ഇവിടെ അധികവും. പക്ഷെ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു കക്ഷിയ്ക്ക്, എന്നു വച്ചാൽ ഭരണ കക്ഷിക്ക് ഏതാണ്ട് തുല്യ ശക്തിയും ബലവുമുള്ള ഒരു പ്രതിപക്ഷവും കൂടെയില്ലെങ്കിൽ നമ്മുടേതു പോലെയുള്ള ഒരു നാട്ടിൽ ജനാധിപത്യം സ്വേച്ഛാധിപത്യത്തിലേക്ക് വഴുതി പോകുവാൻ സാധ്യതയുണ്ട്. നമ്മുടെ മണ്ണ് ഇനിയും ജനാധിപത്യത്തിനു പാകമായിട്ടില്ലാ എന്നെനിക്ക് തോന്നുന്നു.
1987 മാർച്ച് 15 കേരളശബ്ദത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.
©Keralasabdam/1987